Downloads

കാരുണ്യപ്രവർത്തനങ്ങൾ പരിശീലിപ്പിക്കുക: ദയാപുരം സ്കൂൾ കംപാഷനേറ്റ് കെയർ കോഴ്സിന് സമാപനം

കാരുണ്യപ്രവർത്തനങ്ങൾ ഔദ്യോഗികചുമതലകളില്‍നിന്നു വിരമിച്ച ശേഷം ചെയ്യേണ്ടതല്ലെന്നും കുട്ടിക്കാലത്തുതന്നെ വിദ്യാർത്ഥികൾക്ക് കംപാഷനേറ്റ് കെയറിൽ പരിശീലനം നൽകിയാൽ ഓരോ വീട്ടിലും സന്നദ്ധപ്രവർത്തകർ ഉണ്ടാവുമെന്നും അട്ടപ്പാടി എപിജെ അബ്ദുൽ കലാം സ്കൂൾ സ്ഥാപക ഉമാ പ്രേമൻ പറഞ്ഞു. കോഴിക്കോട് ഇൻസ്റ്റിട്ട്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിനുമായി ചേർന്ന് ദയാപുരം സ്കൂള്‍ 6, 7, 8 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി നടത്തിവന്ന കംപാഷനേറ്റ് കെയർ കോഴ്സിൻ്റെ ഒന്നാംവർഷ സമാപന പരിപാടിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അവർ. കരുണാർദ്രമായ ഒരു ലോകത്തിൻ്റെ നിർമ്മാണത്തിന് കുട്ടികളിൽ നിസ്വാർത്ഥകയുടെ പാഠങ്ങളും ഉണ്ടാവേണ്ടതുണ്ടെന്നു തിരിച്ചറിഞ്ഞ് സ്കൂൾതലത്തിൽതന്നെ ഐപിഎം പരിശീലനം പാഠ്യപദ്ധതിയുടെ ഭാഗമാക്കാൻ ആദ്യം മുന്നോട്ടു വന്ന സ്കൂളാണ് ദയാപുരമെന്നത് വളരെ സന്തോഷകരമാണെന്ന് ഐപിഎം ഡയറക്ടർ ഡോ. സുരേഷ് കുമാർ പറഞ്ഞു. ബോധവത്കരണങ്ങൾ മുതിർന്നവർക്കു കൊടുക്കുന്നതിനു പകരം സമൂഹത്തിൽ പ്രവർത്തിക്കാനുള്ള പരിശീലനമായി കുട്ടികൾക്കു നൽകിയാൽ വലിയ വളർച്ച സമൂഹമെന്ന നിലയ്ക്ക് നമുക്കുണ്ടാവും-അദ്ദേഹം പറഞ്ഞു. കുട്ടികളിൽ ദയയുടെ ആവശ്യവും സാമൂഹികബോധവും സംവേദനക്ഷമതയും വളർത്തുന്ന സെഷനുകളിലൂടെയും പാലിയേറ്റിവ് കെയർ പ്രായോഗികപാഠങ്ങളിലൂടെയുമാണ് കോഴ്സ് ആവിഷ്കരിച്ചതെന്നും വാർധക്യമോ രോഗമോ കൊണ്ട് കഷ്ടപ്പെടുന്നവരെ പരിചരിക്കാനുള്ള മനോഭാവവും കഴിവും വളർത്തലാണ് ലക്ഷ്യമെന്നും പ്രൊജക്റ്റ് ലീഡറും സ്‌കീമിന്‍റെ സങ്കൽപകനുമായ ദയാപുരം വോളന്‍റീർ സി. ടി ആദിൽ പറഞ്ഞു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.കെ നദീറ, ആറാംക്ലാസ്സ് വിദ്യാർത്ഥി ദേവനന്ദയുടെ ഗ്രാന്‍റ് മദർ എ.സി ബിന്ദു എന്നിവർ സംസാരിച്ചു. കംപാഷനേറ്റ് കെയർ കോഴ്സ് ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങളും അനുഭവങ്ങളും കുട്ടികള്‍ പങ്കുവച്ചു. അഥിതികള്‍ക്ക് ഡെപ്യൂട്ടി ഡയറക്ടർ ടിജി വി ഏബ്രഹാം ഉപഹാരങ്ങള്‍ സമ്മാനിച്ചു. പ്രിൻസിപ്പൽ പി ജ്യോതി സ്വാഗതവും സ്കൂള്‍ പാർലിമെന്‍റ് ഹ്യൂമണ്‍ റിസോഴ്സ് മിനിസ്റ്റർ മലീഹ മുംതസ് കെ.വി നന്ദിയും പറഞ്ഞു. തുടർന്ന് എപിജെ അബ്ദുൽ കലാം ട്രൈബൽ സ്കൂള്‍ വിദ്യാർത്ഥികള്‍ ട്രൈബല്‍ നൃത്തം, വാദ്യോപകരണസംഗീതം, മൈം എന്നിവ അവതരിപ്പിച്ചു.

News letter

Get the latest Dayapuram news delivered to your inbox.